ബെർലിൻ: വർഷങ്ങളോളം ഉറ്റ സുഹൃത്തുക്കളായി കഴിഞ്ഞിരുന്ന രണ്ട് സ്ത്രീകൾ ഒടുവിൽ സഹോദരിമാരാണെന്ന് തിരിച്ചറിഞ്ഞതിന്റെ അവിശ്വസനീയവും വികാരനിർഭരവുമായ വാർത്ത പുറത്തുവന്നു.
ഇന്ത്യയിൽ നിന്ന് ഡച്ച് ദമ്പതികൾ ദത്തെടുത്ത മീന ഗെൽറ്റിങ്ക് (43), മീനാൽ തിജ്സെൻ (44) എന്നിവരാണ് ഒരു ഡിഎൻഎ ടെസ്റ്റിലൂടെ തങ്ങൾ സഹോദരിമാരാണെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞത്.
ശിശുക്കളായിരിക്കെ ഇന്ത്യയിലെ അനാഥാലയങ്ങളിൽ ഏൽപ്പിക്കപ്പെട്ട ഇവരെ രണ്ട് വ്യത്യസ്ത ഡച്ച് കുടുംബങ്ങളാണ് ദത്തെടുത്ത് നെതർലൻഡ്സിലേക്ക് കൊണ്ടുവന്നത്. നെതർലൻഡ്സിൽ പരസ്പരം 130 കിലോമീറ്റർ അകലെയുള്ള രണ്ട് വ്യത്യസ്ത നഗരങ്ങളിലാണ് ഇരുവരും വളർന്നത്.
യൗവനത്തിലെ സൗഹൃദവും അപ്രതീക്ഷിത അകൽച്ചയും
1996-ൽ ദത്തെടുക്കപ്പെട്ട കുട്ടികൾക്കായി സംഘടിപ്പിച്ച ഒരു സംഗമത്തിലാണ് മീനയും മീനാലും ആദ്യമായി പരസ്പരം കാണുന്നത്. മുൻപരിചയമില്ലാതിരുന്നിട്ടും കണ്ട മാത്രയിൽ തന്നെ പരസ്പരം ഉണ്ടായ ആത്മബന്ധം അവരെ ഉറ്റസുഹൃത്തുക്കളാക്കി മാറ്റി.
മുഖസാദൃശ്യം കണ്ട് അന്നേ അവർ തമാശയായി പരസ്പരം "സഹോദരിമാർ' എന്ന് വിളിക്കാറുണ്ടായിരുന്നു. സ്കൂൾ വിശേഷങ്ങളും കൗമാര സ്വപ്നങ്ങളും പങ്കുവച്ച് വർഷങ്ങളോളം അടുത്ത സൗഹൃദം തുടർന്ന ഇരുവരും പിന്നീട് ജീവിത സാഹചര്യങ്ങൾ കാരണം അകന്നുപോയി.
വിവാഹവും കുടുംബജീവിതവുമായി മുന്നോട്ടുപോയ ഇവർ ഏകദേശം 15 വർഷത്തോളം യാതൊരു സമ്പർക്കവുമില്ലാതെ തുടർന്നു. ഇതിനിടയിൽ മീനാലിന്റെ കുടുംബം ഫ്രാൻസിലേക്ക് കുടിയേറുകയും ചെയ്തു.
ജീവിതം മാറ്റിമറിച്ച ഡിഎൻഎ ടെസ്റ്റ്
സ്വന്തം ജൈവിക വേരുകൾ തേടിയുള്ള അന്വേഷണത്തിന്റെ ഭാഗമായി മീനാൽ അടുത്തിടെ ഒരു ഓൺലൈൻ ഡിഎൻഎ പരിശോധന നടത്തി. ഫലം വന്നപ്പോൾ ഡാറ്റാബേസിൽ ഏറ്റവും അടുത്ത രക്തബന്ധമുള്ള ആളായി തെളിഞ്ഞത് "മീന, സഹോദരി' എന്ന പേരായിരുന്നു.
2017 മുതൽ ഇതേ ഡാറ്റാബേസിൽ സ്വന്തം ബന്ധുക്കളെ അന്വേഷിച്ചുകൊണ്ടിരുന്ന തന്റെ പഴയ പ്രിയ സുഹൃത്ത് തന്നെയാണ് സ്വന്തം സഹോദരിയെന്ന് തിരിച്ചറിഞ്ഞ നിമിഷം മീനാലിന് വിശ്വസിക്കാനായില്ല. ഉടൻതന്നെ മീനാലുമായി മീന ബന്ധപ്പെടുകയും ഓഗസ്റ്റ് 11ന് ഇരുവരും വീണ്ടും കണ്ടുമുട്ടുകയും ചെയ്തു.
എനിക്ക് സ്വന്തമായി സഹോദരങ്ങളുണ്ടാകുമെന്ന് ഞാൻ എപ്പോഴും പ്രതീക്ഷിച്ചിരുന്നു. എന്റെ ഉള്ളിലെ ആ ഏകാന്തത ഒടുവിൽ അവസാനിച്ചിരിക്കുന്നു എന്ന് മീനാൽ പ്രതികരിച്ചു.
ഇത്രയും കാലം എന്റെ ഹൃദയത്തിൽ അനുഭവപ്പെട്ടിരുന്ന ഒരു വലിയ ശൂന്യതയാണ് ഇപ്പോൾ മാറിയത്, ജീവിതത്തിലെ നഷ്ടപ്പെട്ടുപോയ ഒരു പസിൽ കഷണം തിരികെ ലഭിച്ചതുപോലെ തോന്നുന്നു എന്ന് മീനയും കൂട്ടിച്ചേർത്തു.
സിനിമയെപ്പോലും വെല്ലുന്ന ഈ പുനഃസംഗമം അന്താരാഷ്ട്ര മാധ്യമങ്ങളിലും ഇപ്പോൾ വലിയ ശ്രദ്ധ നേടുകയാണ്.